തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കുന്നു. വോട്ടെണ്ണലിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
നാളെ രാവിലെ 8 മണിക്ക് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ, ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടെയായിരിക്കും ഈ പ്രക്രിയ. സുതാര്യത ഉറപ്പാക്കാൻ വീഡിയോ റെക്കോർഡിംഗും നിർബന്ധമാക്കിയിരിക്കുന്നു.
തുടക്കം തപാൽ വോട്ടുകളുടെ എണ്ണലോടെയായിരിക്കും. 500 വോട്ടുകൾക്ക് ഒരു ടേബിൾ എന്ന ക്രമത്തിൽ തപാൽ വോട്ടുകൾ എണ്ണും. തുടർന്ന് ഇവിഎം വോട്ടുകളുടെ എണ്ണൽ ആരംഭിക്കും. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും പരമാവധി 14 ടേബിളുകളിലായിരിക്കും ഇവിഎം വോട്ടുകളെണ്ണൽ.
8:30 മണിക്ക് ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഒമ്പത് മണിയോടെ ഓരോ മണ്ഡലത്തിലെയും വ്യക്തമായ ട്രെൻഡുകൾ പുറത്തുവരും. 15,465 ഉദ്യോഗസ്ഥർ വോട്ടെണ്ണൽ ജോലിയിൽ ഏർപ്പെടും. കേന്ദ്ര സേനയുടെയും കേരള പോലീസിന്റെയും സുരക്ഷാ വലയം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നു.
Photo and News Source: Sathyam Online










