തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി നടന്ന മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ തമ്മിൽ തർക്കം ഉയർന്നു. മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയിൽ നിന്ന് സർക്കാർ ഏറ്റെടുക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. മന്ത്രി പി. രാജീവ് ഏറ്റെടുക്കൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, മന്ത്രി കെ. കൃഷ്ണൻകുട്ടി സർക്കാർ തീരുമാനം നടപ്പാക്കണമെന്ന് വാദിച്ചു.

കരാർ പുതുക്കണമെന്ന സ്വകാര്യ കമ്പനിയുടെ അപേക്ഷ പരിഗണിക്കണമെന്നായിരുന്നു രാജീവിന്റെ ആവശ്യം. കൃഷ്ണൻകുട്ടി ഇത് എതിർത്തു. ഓൺലൈനായി ചേർന്ന യോഗത്തിൽ ഇരുവരും തങ്ങളുടെ വാദം ഉയർത്തി. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു. കരാർ പുതുക്കൽ, ഏറ്റെടുക്കൽ എന്നിവ പരിശോധിക്കാൻ നിയമവകുപ്പ് സെക്രട്ടറി ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട് വരുന്നതുവരെ ഏറ്റെടുക്കൽ നടപടി നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്ന 12 മെഗാവാട്ട് ശേഷിയുള്ള മണിയാർ പദ്ധതി നടത്തിപ്പുകാരായ കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡുമായി 30 വർഷത്തെ കരാർ ഉണ്ടായിരുന്നു. 2024 ഡിസംബറിൽ കരാർ കാലാവധി കഴിഞ്ഞു. കമ്പനി 25 വർഷത്തേക്ക് കരാർ നീട്ടിത്തരണമെന്ന് അപേക്ഷ നൽകിയെങ്കിലും വൈദ്യുതി ബോർഡ് തള്ളി. 2018, 2019 ലെ പ്രളയത്തിൽ പദ്ധതിക്കുണ്ടായ നാശനഷ്ടം പരിഹരിക്കാൻ വലിയ തുക ചെലവഴിക്കേണ്ടി വന്നിരുന്നു.

Photo and News Source: Mathrubhumi