പൂണെയിലെ നസ്രാപൂരിലെ ഭോർ തെഹ്‌സിലിൽ വേനൽ അവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി അടുത്തുള്ള പശുത്തൊഴുത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചതിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.

നേരം ഇരുട്ടിയിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി പോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. സംഭവത്തിന് പിന്നാലെ ജനങ്ങൾ തെരുവിലിറങ്ങി. രോഷാകുലരായ ഗ്രാമവാസികൾ പൂനെ-സത്താറ ദേശീയപാത ഉപരോധിച്ചു.

കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിക്ക് മുമ്പും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന ആരോപണവും ഉയർന്നു. പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ ജനക്കൂട്ടത്തെ ശാന്തരാക്കി. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Photo and News Source: Media Mangalam