വാഷിംഗ്ടണിൽ നിന്ന് പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങളിലൂടെ, ഇറാനിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി നിയന്ത്രിക്കുന്നതിനായി അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചു. ചൈന ആസ്ഥാനമായുള്ള ക്രൂഡ് ഓയിൽ ടെർമിനൽ ഓപ്പറേറ്റർമാർക്കും, ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ഇറാന്‍ സർക്കാരിന് നികുതി നൽകുന്നവർക്കും ഉപരോധം ഏർപ്പെടുത്തി. ഭീകരപ്രവർത്തനങ്ങൾക്കും പ്രാദേശിക അസ്ഥിരതയ്ക്കും ധനസഹായം നൽകുന്ന അനധികൃത എണ്ണക്കച്ചവടം തടയുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് ടോമി പിഗോട്ട്, ഈ നടപടി ഇറാനിലെ ഭീകരപ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതൽ ദശലക്ഷക്കണക്കിന് ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത ചൈനീസ് കമ്പനിയായ കിംഗ്ദാവോ ഹായ്യെ ഓയിൽ ടെർമിനലിനും അതിന്റെ പ്രസിഡന്റ് ഷിങ്ചുന്‍ ലിക്കും ഉപരോധം ഏർപ്പെടുത്തി. കൂടാതെ, യുകെ ആസ്ഥാനമായുള്ള ത്രൈവിംഗ് ടൈംസ് ഇന്റർനാഷണലിനും ഹോങ്കോംഗ് ആസ്ഥാനമായുള്ള ഓൺബോർഡ് ഷിപ്പ് മാനേജ്മെന്റ് ലിമിറ്റഡിനും എതിരെ നടപടിയെടുത്തു.
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്രയ്ക്കായി ഇറാൻ സർക്കാരിന് നികുതി നൽകുന്നത് ഉപരോധങ്ങൾക്ക് കാരണമാകുമെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഇറാനിലെ മൂന്ന് വിദേശ കറൻസി എക്സ്ചേഞ്ച് ഹൗസുകളായ ഓപ്പല്‍ എക്സ്ചേഞ്ച്, റാഡിൻ എക്സ്ചേഞ്ച്, തഹയ്യോരി ഗ്യാരണ്ടി സൊസൈറ്റിയെയും യുഎസ് കറുത്ത പട്ടികയിൽ ഉൾപ്പെടുത്തി.
Photo and News Source: Sathyam Online









