വാഷിങ്ടണിൽ നിന്നും വരുന്ന വാർത്തയനുസരിച്ച്, ഇറാനുമായുള്ള സൈനിക തർക്കത്തെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണു. ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ നിലപാടിനെ ജർമ്മൻ ചാൻസലർ വിമർശിച്ചതോടെ, ട്രംപ് ജർമ്മനിക്കെതിരേ രൂക്ഷ വിമർശനം ഉയർത്തി. തുടർന്ന്, ജർമ്മനിയിൽ നിന്നും 5000 അമേരിക്കൻ സൈനികരെ പിൻവലിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു. നിലവിൽ 36,000-ലധികം അമേരിക്കൻ സൈനികർ ജർമ്മനിയിലുണ്ട്.

അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ ഈ പിൻവലിക്കൽ നടപടി പൂർത്തിയാക്കുമെന്ന് പെന്റഗൺ പ്രഖ്യാപിച്ചു. ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ വേണ്ടത്ര പിന്തുണ നൽകാത്തതിനെ തുടർന്നാണ് ട്രംപ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്ന് അറിയുന്നു. ഇതിന് മുമ്പുതന്നെ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാൻ യുഎസിന് കൃത്യമായ പദ്ധതിയില്ലെന്ന് മെർസ് വിമർശിച്ചിരുന്നു. തുടർന്ന് ട്രംപ് രൂക്ഷഭാഷയിൽ മറുപടി നൽകി.

രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും ജർമ്മനിയോട് ട്രംപ് ആവശ്യപ്പെട്ടു.

Photo and News Source: Mathrubhumi