ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളും ഡീസലും ഉടനെ വില കയറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെ എണ്ണ കമ്പനികൾക്ക് നഷ്ടം വർധിച്ചു. ഈയാഴ്ച അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില ബാരലിന് 126 ഡോളറിൽ എത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പരിമിതപ്പെടുകയും അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ തടസ്സപ്പെടുകയും ചെയ്തതാണ് വില ഉയർന്നുതന്നെ നില്ക്കാൻ കാരണം.

ഗാർഹിക എൽപിജി വിലയും ഉയരാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വാണിജ്യ എൽപിജി വില 993 രൂപയോളം ഉയർത്തി. 19 കിലോ സിലിണ്ടറിനായിരുന്നു വർധന. വ്യാവസായിക ഡീസൽ, 5 കിലോ എൽപിജി, ജെറ്റ് ഇന്ധനം എന്നിവയുടെ വിലയും വർധിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പെട്രോളും ഡീസലും 5 രൂപയും ഗാർഹിക എൽപിജി 50 രൂപയും വർധിക്കാനുള്ള സാധ്യതയുണ്ട്.

2022 ഏപ്രിൽ മുതൽ രാജ്യത്ത് പെട്രോളും ഡീസലും വിലയിൽ കാര്യമായ മാറ്റമില്ല. ക്രൂഡ് ഓയിൽ വില ചില മാസങ്ങളിൽ വർദ്ധിക്കുകയും മറ്റുചില മാസങ്ങളിൽ കുറയുകയും ചെയ്തിട്ടുണ്ട്. തുടർന്നുള്ള കാലയളവിൽ വില വർധനവ് സംഭവിക്കാനുള്ള സാധ്യതയാണ് കൂടുതലായി.

Photo and News Source: Mathrubhumi