ഡബ്ലിന്‍: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ട് യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പ്രവചിച്ചു. 2030-ഓടെ ലക്സംബർഗിനെ മറികടന്ന് അയര്‍ലണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജി ഡി പി, പി പി പി അടിസ്ഥാനമാക്കിയുള്ള പുതിയ റാങ്കിംഗിലാണ് ഇത്. ലക്സംബർഗിന്റെ 154,000 യൂറോയെക്കാൾ അയര്‍ലണ്ടിന്റെ പ്രതിശീര്‍ഷ ജി ഡി പി പിപിപി 168,000 യൂറോയാകുമെന്ന് പ്രവചനം.
നോർവേ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. യൂറോപ്പിലെ മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളായ ജർമ്മനി 12-ആം സ്ഥാനത്തും, ഫ്രാൻസ് 15-ആം സ്ഥാനത്തും, യുകെ 16-ആം സ്ഥാനത്തുമാണ്. ഈ രാജ്യങ്ങളുടെ പ്രതിശീര്‍ഷ ജി ഡി പി പിപിപി യൂറോപ്പിലെ മറ്റ് ഭാഗങ്ങളുമായി വലിയ അന്തരം കാണിക്കുന്നു.
അയര്‍ലണ്ടിന്റെ ഉയർന്ന ജി ഡി പി വളച്ചൊടിച്ചതാണെന്നും മൊത്ത ദേശീയ വരുമാനമാണ് യഥാർത്ഥ സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ അളവുകോലെന്നും സാമ്പത്തിക വിദഗ്ദ്ധർ വാദിക്കുന്നു. പി പി പി കണക്കിലെടുക്കാതെ ജി ഡി പിയെ മാത്രം അടിസ്ഥാനമാക്കിയാൽ അയര്‍ലണ്ട് യൂറോപ്പിലെ മികച്ച നാല് രാജ്യങ്ങളിൽ ഉൾപ്പെടില്ലെന്നും ഇവർ സൂചിപ്പിക്കുന്നു.
Photo and News Source: Sathyam Online









