കാക്കനാട് മാതൃഭൂമി ബുക്സ്റ്റോർ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചു. സിവിൽലൈൻ ബൈപ്പാസ് റോഡിലുള്ള ബുക്സ്റ്റോറിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ.എസ്. മാധവനും നടൻ ഇന്ദ്രൻസും പങ്കെടുത്തു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാതൃഭൂമി ബുക്‌സ് നൽകിയ സംഭാവനകളെ മാധവൻ പ്രശംസിച്ചു. 'മാതൃഭൂമി പുസ്തകങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നത്. കുട്ടികൃഷ്ണമാരാരുടെ വ്യാഖ്യാനങ്ങളും സഞ്ജയന്റെ ലേഖനങ്ങളും മലയാള ശൈലിയെ ശക്തിപ്പെടുത്തി' എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
വായന മനുഷ്യരെ വളർത്തുന്നതാണെന്ന് ഇന്ദ്രൻസ് പറഞ്ഞു. 'സിനിമാ പരസ്യങ്ങളിൽ നിന്നും വലിയ പുസ്തകങ്ങളിലേക്ക് എന്റെ യാത്ര മാറി. ഇന്ന് പുസ്തകങ്ങളുടെ നടുവിൽ നിൽക്കുന്നത് വലിയ അഭിമാനമാണ്. പുതിയ തലമുറയെ വായനയിലൂടെ രക്ഷിക്കേണ്ടതുണ്ട്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പി.എസ്. സുജിത്ത്, നടി മാലാ പാർവതി, എഴുത്തുകാർ രഘുനാഥ് പാലേരി, പി.എഫ്. മാത്യൂസ്, വി.എം. ഗിരിജ, എൻ.ഇ. സുധീർ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
മേയ് 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി 3+1 ഓഫർ പ്രഖ്യാപിച്ചു. മൂന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10,000 രൂപയുടെ സമ്മാനം ലഭിക്കും.
Photo and News Source: Mathrubhumi










