കാക്കനാട്: നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ 'ഇന്ദ്രധനുസ്സ്' പുറത്തിറങ്ങി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കവർ എഴുത്തുകാരൻ എൻ.എസ്. മാധവൻ പ്രകാശനം ചെയ്തു. കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറിന്റെ ഒന്നാം വാർഷിക ചടങ്ങിലായിരുന്നു പ്രകാശന ചടങ്ങ്.

ഇന്ദ്രൻസ് ഓരോ കഥാപാത്രത്തിലും താദാത്മ്യം പ്രാപിച്ച്, പച്ച മനുഷ്യജീവിതത്തെയാണ് പ്രേക്ഷകർ കാണുന്നതെന്ന് എൻ.എസ്. മാധവൻ പറഞ്ഞു. ഓരോ വർഷവും കലാകാരനായി ഇന്ദ്രൻസ് കൈവരിക്കുന്ന പരിവർത്തനം വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം ചേർത്തു. തന്റെ ജീവിതം പറയുന്ന പുസ്തകത്തിന്റെ കവർ പ്രകാശിപ്പിക്കാൻ എൻ.എസ്. മാധവനെപ്പോലൊരു എഴുത്തുകാരൻ എത്തിയത് ഹൃദയസ്പർശിയാണെന്ന് ഇന്ദ്രൻസ് പറഞ്ഞു.

ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സുജിത്ത്, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാ ദാസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം വാമൊഴിയിൽ രചിച്ചിരിക്കുന്ന ഈ പുസ്തകം മേയ് 15-ന് പുറത്തിറങ്ങും. മുഖവില 610 രൂപയാണ്. മാതൃഭൂമി ഓൺലൈൻ സ്റ്റോറിൽ പ്രീ-ബുക്കിങ് ചെയ്യുന്നവർക്ക് 490 രൂപയ്ക്ക് ലഭിക്കും.

Photo and News Source: Mathrubhumi