ന്യൂഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് രാജ്യത്ത് ഇന്ധനവിലയും ഉയരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നൽകി. 'ആദ്യം ഗ്യാസ്, പിന്നെ പെട്രോളും-ഡീസലും' എന്നാണ് രാഹുലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പു കാലത്ത് വില നിയന്ത്രിച്ച സർക്കാർ, വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ജനങ്ങളെ വിലക്കയറ്റത്തിന്റെ ഭാരത്തിനു വിധേയരാക്കുമെന്ന് അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരി മുതൽ മൂന്നു മാസത്തിനുള്ളിൽ 1,380 രൂപ വരെ എൽപിജി വില ഉയർന്നതായും 81 ശതമാനം വര്ധനയുണ്ടായതായും രാഹുല്‍ ചൂണ്ടിക്കാട്ടി. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഒറ്റ ദിവസം കൊണ്ട് 993 രൂപ വരെ ഉയർന്നത് വിവാദമുണ്ടാക്കി. ചരിത്രത്തിലാദ്യമായി രാജ്യത്ത് ഇത്രവലിയ വര്ധനയുണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകള്‍. ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയേറ്റവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇന്ധനവിലകളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതായി വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഈ പശ്ചാത്തലത്തില്‍ പെട്രോളും ഡീസലും വില കൂടാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, ഇന്ധനവില ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വിലക്കയറ്റം വീണ്ടും ശക്തമാകുമെന്ന ആശങ്ക ഉയരുന്നു. വാണിജ്യ എൽപിജി വിലവർധന രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കി.

Photo and News Source: Samakalika Malayalam