ലഡാക്കിലെ ഗ്രാമീണ കർഷകരുടെ വരുമാനം ഉയർത്തുന്നതിനായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ വിപുലമായ ക്ഷീരവികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ലേയില്‍ 50,000 ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റ് ഉടന്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 70 കോടി രൂപ മുതല്‍മുടക്കിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കാര്‍ഗിലില്‍ 25 കോടി രൂപ ചെലവില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നടത്തി. പരിസ്ഥിതി സൗഹൃദമായ 350 കിലോവാട്ട് സൗരോര്‍ജ്ജ സംവിധാനത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലേയില്‍ നിലവിലുള്ള പ്ലാന്റുകളില്‍ പനീര്‍, തൈര് എന്നിവയുടെ ഉല്‍പ്പാദനം വർധിപ്പിക്കുന്നതിനുള്ള പുതിയ യൂണിറ്റുകളും ഉദ്ഘാടനം ചെയ്തു. പാലിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മൊബൈല്‍ പാല്‍ പരിശോധനാ ലാബുകളും ഫ്‌ലാഗ് ഓഫ് ചെയ്തു. ഓട്ടോമേറ്റഡ് മില്‍ക്ക് കളക്ഷന്‍ സിസ്റ്റം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനും പുറത്തിറക്കി.
Photo and News Source: Janam TV










