കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, മഗ്രാഹത്ത് പശ്ചിമ മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നെന്ന പരാതിയെ തുടർന്ന്, തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ റീപോളിങ് പ്രഖ്യാപിച്ചു.

മഗ്രാഹട്ട് പശ്ചിമയിലെ 11 പോളിംഗ് സ്റ്റേഷനുകളിലും, ഡയമണ്ട് ഹാർബറിലെ 4 സ്റ്റേഷനുകളിലുമാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 29-ലെ വോട്ടെടുപ്പ് അസാധുവാക്കിയതിനെ തുടർന്ന് മേയ് 2-ന് വീണ്ടും വോട്ടെടുപ്പ് നടത്തും. ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.

ഏപ്രിൽ 29-ലെ വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി റിട്ടേണിങ് ഓഫീസർമാരും ഒബ്സർവർമാരും റിപ്പോർട്ട് ചെയ്തിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് വോട്ടെടുപ്പ് റദ്ദാക്കിയത്. ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രങ്ങളിലെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന ആരോപണവും ഉയർന്നിരുന്നു. ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

Photo and News Source: Samakalika Malayalam