ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. മാറിയ ജീവിതശൈലി, ജനിതക ഘടകങ്ങൾ തുടങ്ങിയവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ. ചികിത്സയെക്കാൾ മുന്‍കരുതലാണ് പ്രധാനം. ആരോഗ്യകരമായ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മഗ്നീഷ്യവും സിങ്കും നിറഞ്ഞ മത്തങ്ങ വിത്തുകൾ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുകയും ഹൃദയമിടിപ്പ് ക്രമീകരിക്കുകയും ചെയ്യുന്നു. സിങ്ക് ചീത്ത കൊളസ്ട്രോളിനെ കുറച്ച് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
മത്തങ്ങ വിത്തുകളിൽ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇത് ശരീരവീക്കം കുറയ്ക്കുകയും രക്തക്കുഴലുകളുടെ തകരാറുകൾ തടയുകയും ചെയ്യുന്നു. പ്രോട്ടീൻ, നാരുകൾ, അയേൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.
എന്നാൽ, മത്തങ്ങ വിത്തുകൾ ദിവസവും കഴിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. സോഡിയം അധികമായി കഴിക്കുന്നവർ ഇവ ഒഴിവാക്കണം. ദഹനപ്രശ്നമുള്ളവരും നട്ട് അലർജി ഉള്ളവരും ഇവ കഴിക്കുമ്പോൾ സൂക്ഷിക്കണം. മത്തങ്ങ വിത്തുകൾക്ക് കലോറി കൂടുതലായതിനാൽ അളവ് നിയന്ത്രിക്കേണ്ടതാണ്.
Photo and News Source: Samakalika Malayalam








