ടെഹ്‌റാനിൽ നിന്ന്, ഹോർമുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധത്തെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കടുത്ത ഭാഷയിൽ വിമർശിച്ചു. നാവിക ഉപരോധം അമേരിക്കയുടെ സൈനിക നടപടികളുടെ തുടർച്ചയാണെന്നും, വെടിനിർത്തൽ കരാറുണ്ടായിട്ടും ഈ നീക്കം കരാർ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'ഇറാന്റെ സഹിഷ്ണുതയും സമാധാന പ്രിയത്വവും ലോകം കണ്ടതാണ്. എന്നാൽ നാവിക ഉപരോധം എന്ന പേരിൽ നടക്കുന്ന സൈനിക നീക്കങ്ങൾ, സ്വാതന്ത്ര്യത്തിനും ഉറച്ച നിലപാടുകൾക്കും വില നൽകേണ്ടി വരുന്ന ഒരു രാഷ്ട്രത്തിനെതിരെയാണ്' എന്ന് പെസഷ്കിയാൻ എക്സിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലും ഗൾഫ് മേഖലയിലും അസ്ഥിരത സൃഷ്ടിക്കുന്നത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണെന്നും, മേഖലയിലെ നാവിക സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ ശക്തികളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങൾ പരാജയപ്പെടുമെന്നും പെസഷ്കിയാൻ കൂട്ടിച്ചേർത്തു.
Photo and News Source: Sathyam Online










