എയർ ഇന്ത്യ വിമാന ഇന്ധനവിലയിലുണ്ടായ കുത്തനെ ഉയർച്ചയെത്തുടർന്ന് പ്രതിദിനം 100 സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനക്കമ്പനി, ആഭ്യന്തരവും അന്താരാഷ്ട്രവുമായ റൂട്ടുകളിൽ 10 ശതമാനം സർവീസുകൾ കുറയ്ക്കുന്നു. പ്രതിദിനം 1,100 സർവീസുകളിൽ നിന്നും 100 എണ്ണം ഒഴിവാക്കുന്നതിലൂടെ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ ദീർഘദൂര റൂട്ടുകളിൽ പ്രത്യാഘാതം ഉണ്ടാകും. ലണ്ടൻ, പാരിസ്, ന്യൂയോർക്ക്, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയുമെന്ന് കമ്പനി അറിയിച്ചു.

വിമാന ഇന്ധനത്തിൻ്റെ വില കഴിഞ്ഞ ഏതാനും ആഴ്ചകളിൽ 80 ശതമാനം വരെ ഉയർന്നു. വിമാനക്കമ്പനികളുടെ ആകെ ചെലവിന്റെ 40 ശതമാനം ഇന്ധനത്തിനായി ചെലവാകുന്ന സാഹചര്യത്തിൽ, പല റൂട്ടുകളും ലാഭകരമല്ലെന്നാണ് എയർ ഇന്ത്യയുടെ വിലയിരുത്തൽ. കൂടാതെ, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം വ്യോമപാതകളിൽ നിയന്ത്രണം വന്നതോടെ കൂടുതൽ ദൂരമുള്ള പാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നു. ഇതും ഇന്ധനച്ചെലവ് വർധിപ്പിക്കുന്നു.

സർവീസുകൾ കുറയുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇന്ധനത്തിൻ്റെ എക്സൈസ് ഡ്യൂട്ടിയും വാറ്റ് നിരക്കും കുറയ്ക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്ന് മറ്റു വിമാനക്കമ്പനികളും മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Dhanam