തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് ഈ സാധ്യത കൂടുതലുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നൽ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറാൻ ജനങ്ങളോട് ആവശ്യപ്പെടുന്നു. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് അപകടകരമാണ്. ജനലും വാതിലും അടച്ചിടുകയും, വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കുകയും ചെയ്യണം. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗം ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരുപദ്രവകരമാണ്.
അന്തരീക്ഷം മേഘാവൃതമായാൽ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. വൃക്ഷങ്ങളുടെ ചുവട്ടിലും വാഹനങ്ങൾ പാർക്കുന്നതും ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുന്നത് സുരക്ഷിതമാണ്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ഒഴിവാക്കണം.
Photo and News Source: Kerala Online News










