പത്തനംതിട്ടയിലെ ശബരിമലയിൽ നട അടച്ചിരിക്കുന്ന സമയത്ത് വിഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആളെതിരെ പമ്പ പോലീസ് കേസെടുത്തു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 'നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച' എന്ന പേരിലായിരുന്നു വിഡിയോ. 10 മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ കഴിഞ്ഞ മാസം 24-ാം തിയ്യതിയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.

ശബരിമലയിൽ നട അടച്ചതിന് ശേഷം മുകളിലേക്ക് പോകാൻ അധികൃതർക്കല്ലാതെ ആർക്കും അനുവാദമില്ല. എന്നാൽ ഈ വിഡിയോയിൽ കാണിക്കുന്നത് പോലെ, പമ്പ ചെക്കിങ് പോയിന്റ് കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ചന്ദ്രനന്ദൻ റോഡ്, വലിയ നടപ്പന്തല് വഴി പതിനെട്ടാം പടിയ്ക്ക് താഴെ എത്തിയെന്നാണ്. ഇത് വിഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നു.

പമ്പാഗണപതി ക്ഷേത്രത്തിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. എഫ്.ഐ.ആറിൽ പ്രതി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Photo and News Source: Kerala Online News