തൊടുപുഴ: സംസ്ഥാനത്തെ അൾട്രാവൈലറ്റ് തീവ്രത ഏറ്റവും ഉയർന്നത് മൂന്നാറിലാണ്. ദേശീയ ദുരന്തനിവാരണ അതോറിട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 11.16-ന് മൂന്നാറിൽ യു.വി. സൂചിക ഒമ്പതായി രേഖപ്പെടുത്തി. മുമ്പ് എട്ടിലായിരുന്ന സൂചിക ഒന്നുകൂടി ഉയർന്നതോടെ ആശങ്ക വർദ്ധിച്ചു. യു.വി. സൂചിക 11-ലേക്ക് എത്തിയാൽ മൂന്നാറിൽ ചുവന്ന അലർട്ട് പ്രഖ്യാപിക്കേണ്ടി വരും. പകൽ സമയത്ത് പുറത്തിറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും യു.വി. സൂചിക എട്ടിലാണ്. കണ്ണൂരിലെ ധർമ്മടം ഉൾപ്പെടെ ചില പ്രദേശങ്ങളിൽ സൂചിക അഞ്ചായി കുറഞ്ഞിട്ടുണ്ട്. ഉയർന്ന അൾട്രാവൈലറ്റ് രശ്മികൾ ശരീരത്തിന് പൊള്ളലേൽപ്പിക്കുകയും കാഴ്ചയെ ബാധിക്കുകയും ചെയ്യും. വിദഗ്ധരുടെ അഭിപ്രായത്തിൽ, രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന ജോലികൾ ഒഴിവാക്കണം.
ദുരന്തനിവാരണ അതോറിട്ടി സംസ്ഥാനത്തെ 14 ജില്ലകളിലായി 14 നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നു. ഉച്ചസമയത്ത് സൂര്യൻ നേരെ മുകളിലായിരിക്കുമ്പോൾ വികിരണം ഏറ്റവും കൂടുതലാണ്. യു.വി. റേഡിയോമീറ്ററുകൾ ഉപയോഗിച്ച് വികിരണത്തെ നിരീക്ഷിക്കുന്നു.
Photo and News Source: Kerala Online News









