തൊടുപുഴ: കേരളത്തിൽ അൾട്രാവയലറ്റ് തീവ്രത ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് മൂന്നാറിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.16-ന് ഇവിടെ യു.വി. സൂചിക ഒൻപതായി ഉയർന്നു. കഴിഞ്ഞ ദിവസം വരെ എട്ടിൽ തുടർന്നിരുന്ന സൂചിക വീണ്ടും ഒരു പോയിന്റ് ഉയർന്നത് ആശങ്കയുണ്ടാക്കുന്നു. 11-ലേക്ക് എത്തിയാൽ മൂന്നാറിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടിവരും.
കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും യു.വി. സൂചിക എട്ടിൽ തുടരുന്നു. കണ്ണൂരിലെ ധർമ്മടം അടക്കമുള്ള പ്രദേശങ്ങളിൽ സൂചിക അഞ്ചായി കുറഞ്ഞിട്ടുണ്ട്. ഉയർന്ന അൾട്രാവയലറ്റ് രശ്മികൾ ശരീരത്തെ ബാധിക്കുകയും പൊള്ളലേൽപ്പിക്കുകയും കാഴ്ചയെ ബാധിക്കുകയും ചെയ്യും.
രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന ജോലികൾ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ നിർദ്ദേശിക്കുന്നു. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽ നിന്നാണ് യു.വി. സൂചിക അളക്കുന്നത്. ഉച്ചസമയത്ത് സൂര്യൻ മുകളിലായിരിക്കുമ്പോൾ വികിരണം ഏറ്റവും കൂടുതലായിരിക്കും.
Photo and News Source: Mathrubhumi









