കൊച്ചി: ഇന്ത്യൻ തീരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 35.7 ലക്ഷം ടൺ സമുദ്ര മത്സ്യ ലഭ്യതയുണ്ടായി. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാട് (6.85 ലക്ഷം ടൺ) ആണ്. ഗുജറാത്തിനെ പിന്നിലാക്കി കേരളം 6.24 ലക്ഷം ടൺ ഉൽപാദനത്തോടെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം വർധിച്ച് 1.68 ലക്ഷം ടണ്ണായി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന ലഭ്യതയാണിത്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തൽ-നീരാളി ഇനങ്ങളിലും വർധനയുണ്ടായി. എന്നാൽ, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത കുറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ മത്തി (1.68 ലക്ഷം ടൺ), അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ്. മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസങ്ങളിൽ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകൾ യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളിലാണ്. രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം (2.70 ലക്ഷം ടൺ).
Photo and News Source: Sathyam Online









