കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ച ബാലറ്റ് തുറക്കാൻ ശ്രമമുണ്ടായെന്ന് ടിഎംസി ആരോപിക്കുന്നു. വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തിയെന്നും ഇവർ ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങളും ടിഎംസി പുറത്തുവിട്ടു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ ടിഎംസി നേതാക്കൾ പ്രതിഷേധിച്ചു.

ബന്ധപ്പെട്ട കക്ഷികളുടെ സാന്നിധ്യമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ബാലറ്റ് ബോക്സുകൾ തുറന്നതായാണ് ടിഎംസി ആരോപിക്കുന്നത്. വൈകീട്ട് 3.30 വരെ പാർട്ടി പ്രവർത്തകരും സ്ട്രോങ്ങ് റൂമിന് പുറത്തുണ്ടായിരുന്നു. പെട്ടെന്ന് 4 മണിക്ക് സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുമെന്ന് ഇമെയിൽ വന്നു. ടിഎംസി നേതാക്കൾ എത്തിയപ്പോൾ ബിജെപിക്കാരെ മാത്രം പ്രവേശിപ്പിച്ചു.

പ്രദേശത്ത് വൻതോതിൽ കേന്ദ്രസേന വിന്യസിച്ചു. സേനയും ടിഎംസി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോൾ പ്രവചനങ്ങൾ വന്നതിനെ തുടർന്ന് മമത ബാനർജി പ്രവർത്തകരോട് കനത്ത ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. 'പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക' എന്ന് മമത ബാനർജി അഭിപ്രായപ്പെട്ടു.

Photo and News Source: Sathyam Online