ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. ലോകമെമ്പാടും മേയ് ദിനം എന്ന പേരിലറിയപ്പെടുന്ന ഈ ദിവസം, തൊഴിലാളി വർഗ്ഗത്തിന്റെ ഉയർച്ചയുടെ ഓർമ്മ പുതുക്കുന്നു. 1886-ൽ മേയ് ഒന്നിന് അമേരിക്കയിൽ മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ എട്ടുമണിക്കൂർ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് പണിമുടക്കി.

ചിക്കാഗോയിലെ ഹേ മാർക്കറ്റ് ചത്വരത്തിൽ നടന്ന സമാധാനപരമായ പ്രകടനത്തിനിടെ ബോംബാക്രമണം നടന്നു. ഇതോടെ പൊലീസ് വെടിവെപ്പ് നടന്നു. ഈ സംഭവം ലോക തൊഴിലാളി പ്രസ്ഥാനത്തിനു പ്രചോദനമായി. തുടർന്ന്, 1889-ൽ പാരിസിൽ നടന്ന രണ്ടാം അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഗ്രസിൽ മേയ് ഒന്നിനെ അന്താരാഷ്ട്ര തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾക്കായി നടന്ന സമരങ്ങൾക്ക് ഈ ദിവസം പ്രതീകാത്മകമായ പ്രാധാന്യം നൽകുന്നു. ഓരോ വർഷവും മേയ് ദിനം, സമൂഹത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ സംഭാവനകളെ ആദരിക്കുന്നു. തൊഴിലാളി ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നു.

Photo and News Source: 24 News