പത്തനംതിട്ട: ശബരിമലയിലെ നട അടച്ച സമയത്തെ ചിത്രീകരിച്ച് യുറ്റ്യൂബിൽ പോസ്റ്റ് ചെയ്ത യുറ്റ്യൂബറെ പമ്പ പോലീസ് കേസെടുത്തു. ഏപ്രിൽ 24-ന് ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടിൽ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്തു. അധികൃതർക്കല്ലാതെ ആർക്കും പ്രവേശനമില്ലാത്ത പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തിയതോടെ കുഴപ്പത്തിലായി.

പമ്പാഗണപതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ വഴിയാണ് സന്നിധാനത്തെത്തിയത്. പതിനെട്ടാംപടിയുടെ താഴെവരെയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചു. പോലീസ് ചെക്കിങ് പോയിന്റ് കടന്ന് നീലിമലയിലെ പരമ്പരാഗത പാതയിലൂടെ മുകളിലേക്ക് കയറിയതായി വീഡിയോയിൽ കാണിച്ചിരുന്നു.

ശബരിമല ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, പമ്പ പോലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് തേടിയതോടെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തി. വിഷു ആഘോഷം കഴിഞ്ഞു നടന്ന സംഭവമാണിത്.

Photo and News Source: Mathrubhumi