അബുദാബി: യുഎഇയിൽ മെയ് മാസത്തേക്കുള്ള പെട്രോൾ വില പ്രഖ്യാപിച്ചു. നാളെ മുതൽ പെട്രോൾ വില 27 ഫില്‍സ് വരെ ഉയരുമെന്ന് അധികൃതർ അറിയിച്ചു. ഡീസൽ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം മാസമാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. ഇത് വാഹനയാത്രികർക്കു വീണ്ടും തിരിച്ചടിയാകും.

മെയ് മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.66 ദിർഹം നൽകേണ്ടിവരും. ഏപ്രിലിൽ ഇത് 3.39 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ 3.55 ദിർഹമായി ഉയർന്നപ്പോൾ, ഏപ്രിലിൽ 3.28 ദിർഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന്റെ വില 3.48 ദിർഹമായി വർധിച്ചു. അതേസമയം, ഡീസൽ വില ലിറ്ററിന് 4.69 ദിർഹമായി നിലനിൽക്കും.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിലെ ഇന്ധനവില വർധനയും യുഎഇയിലെ നിരക്കുകളിൽ പ്രതിഫലിച്ചിരിക്കുന്നു. തുടർച്ചയായ വിലവർധന പ്രവാസികളുടെയും സാധാരണക്കാരുടെയും മാസബജറ്റിനെ ബാധിക്കും. ദൈനംദിന യാത്രകൾ ചെയ്യുന്നവർക്കും ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്കും സാമ്പത്തിക സമ്മർദ്ദമാകും. ഡീസൽ വില വർധിപ്പിക്കാത്തത് ചരക്കുഗതാഗത ചെലവുകൾ നിയന്ത്രിക്കാൻ സഹായകമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ മാറ്റം ഉണ്ടാകാതിരിക്കാൻ സാധ്യതയുണ്ട്.

Photo and News Source: Media Mangalam