മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തായ സുനീഷ് വാരനാട് സംവിധായകനായി അരങ്ങേറുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രത്തിന് ‘ഹ്യൂപ്പു’ എന്ന പേരിട്ടിരിക്കുന്നു. മോഹൻലാൽ, ഈശോ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനായ സുനീഷ്, 2023-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ്.
കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ. രണ്ട് കുട്ടികളും ഒരു ദേശാടനപക്ഷിയും തമ്മിലുള്ള വൈകാരിക ബന്ധമാണ് പ്രമേയം. എഴുത്തിൽ നിന്നും സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും വർഷങ്ങളായുള്ള സ്വപ്നമായിരുന്നു ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു.
മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും സുനീഷിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മഞ്ജു ഗോപിനാഥാണ് ചിത്രത്തിന്റെ പി ആർ ഒ.
Photo and News Source: Kerala Online News









