ഇന്ത്യയിലെ സിഎൻജി വാഹന വിപണിയിൽ മാരുതി സുസുക്കി തങ്ങളുടെ ആധിപത്യം തുടരുന്നു. മികച്ച മൈലേജും വൈവിധ്യമാർന്ന മോഡലുകളുമാണ് കമ്പനിയെ പ്രിയപ്പെട്ടതാക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 10,14,709 സിഎൻജി കാറുകൾ വിറ്റഴിക്കപ്പെട്ടപ്പോൾ, വിപണിയിലെ ഭൂരിഭാഗം നേട്ടവും മാരുതി സ്വന്തമാക്കി.
വിപണിയിലുള്ള 26 സിഎൻജി മോഡലുകളിൽ 14 എണ്ണവും മാരുതിയുടേതാണ്. ടാറ്റ, ടൊയോട്ട, ഹ്യുണ്ടായി എന്നിവരുടെ മോഡലുകൾ യഥാക്രമം 5, 4, 3 എണ്ണമേ ഉള്ളൂ. ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ആദ്യ പത്ത് സിഎൻജി കാറുകളുടെ പട്ടികയിൽ ഏഴ് മോഡലുകളും മാരുതിയുടേതാണ്.
1,45,480 യൂണിറ്റുകൾ വിറ്റഴിച്ച് മാരുതി എർട്ടിഗ ഒന്നാം സ്ഥാനത്തെത്തി. 1,35,330 യൂണിറ്റുകളുമായി മാരുതി ഡിസയറും 96,381 യൂണിറ്റുകളുമായി വാഗൺആറും ജനപ്രീതി തെളിയിച്ചു. ടാറ്റയുടെ നെക്സോൺ (69,168 യൂണിറ്റ്) പഞ്ച് (67,468 യൂണിറ്റ്) എന്നിവയും മികച്ച പ്രകടനമാണ്.
കിലോഗ്രാമിന് 35 കിലോമീറ്റർ വരെ മൈലേജ് നൽകുന്ന സാങ്കേതികവിദ്യയാണ് മാരുതിയെ ഈ വിഭാഗത്തിൽ ഒന്നാമതാക്കി നിർത്തുന്നത്. ഹ്യുണ്ടായിയുടെ ഓറ 62,612 യൂണിറ്റുകൾ വിറ്റഴിച്ച് പട്ടികയിൽ ഇടംപിടിച്ചു.
Photo and News Source: Malayalam Express










