ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ 15 വയസുകാരിയുടെ 31 ആഴ്ച ഗർഭം അലസിപ്പിക്കുന്നതിനുള്ള അനുമതിക്ക് എതിരെ ഹർജി നൽകിയ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പൗരന്മാരുടെ വ്യക്തിപരമായ തീരുമാനങ്ങൾ മാനിക്കാൻ സർക്കാർ പഠിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഗർഭിണിയാകേണ്ടി വരുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കുന്ന നിലവിലെ നിയമങ്ങളിൽ അടിയന്തര മാറ്റം വരുത്താൻ കോടതി നിർദ്ദേശിച്ചു. കാലത്തിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. ക്രൂരമായ പീഡനത്തിനുശേഷം അനുഭവിച്ച വേദനയ്ക്ക് പകരം നൽകാൻ ഒന്നുമില്ലെന്നും, പൗരന്മാരെ ബഹുമാനിക്കാൻ സർക്കാർ പഠിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വ്യക്തിപരമായ തീരുമാനങ്ങളെ മാനിക്കണമെന്നും, ഗർഭം തുടരുന്നതിലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.

Photo and News Source: Kvartha