ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറ്റവും ഗുണകരമായ ഒരു കാലയളവിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വ്യാഴാഴ്ച രാവിലെ 8:30 ഓടെ ദുബൈ സമയത്ത് ഒരു ദിർഹത്തിന് 25.93 രൂപ എന്ന ഉയർന്ന നിരക്കാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.25 രേഖപ്പെടുത്തിയത് ഈ നേട്ടത്തിന് കാരണമായി.

മാർച്ചിലെ 95.12 എന്ന താഴ്ന്ന നിരക്കിനെ മറികടന്നാണ് രൂപ ഇപ്പോൾ താഴോട്ട് പതിച്ചത്. ഇത് പ്രവാസികളുടെ കുടുംബ ചിലവുകൾക്കും ലോൺ തിരിച്ചടവുകൾക്കും വലിയ ആശ്വാസമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണമായി.

ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്ന് ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 115 ഡോളറിന് അടുത്തെത്തിയത് ഇതിനു കാരണമായി. ഇറാൻ വിഷയത്തിലെ അനിശ്ചിതത്വങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി കൂടുന്നതോടെ ഡോളർ ചിലവ് വർദ്ധിക്കുകയും, രാജ്യത്തിന്റെ വ്യാപാരക്കമ്മി വർധിക്കുകയും ചെയ്യുന്നു. ഇത് രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് വരുത്തുന്നു. ഏഷ്യയിലെ മറ്റ് കറൻസികളും സമാന പ്രതിസന്ധി നേരിടുന്നുണ്ട്.

Photo and News Source: Kvartha