ജമ്മു-ശ്രീനഗർ നേരിട്ടുള്ള വന്ദേ ഭാരത് ട്രെയിൻ സേവനം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10:53-ന് ജമ്മു-താവി സ്റ്റേഷനിലെ പുതിയ ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ യാത്ര ആരംഭിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുമ്പ് കത്രയ്ക്കും ശ്രീനഗറിനുമിടയിൽ മാത്രം ഓടിയിരുന്ന വന്ദേ ഭാരത് ട്രെയിനിൽ 8 കോച്ചുകളുണ്ടായിരുന്നു. പുതിയ സേവനത്തിൽ കോച്ചുകളുടെ എണ്ണം 20 ആയി ഉയർത്തി. ജമ്മുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്ന് മണിക്കൂറിനുള്ളിൽ ശ്രീനഗറിന് പുറത്തുള്ള നൗഗാം സ്റ്റേഷനിലെത്തും. കശ്മീരിലെ തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വന്ദേ ഭാരത് സേവനം ആഴ്ചയിൽ ആറ് ദിവസമാണ്. ട്രെയിൻ നമ്പറുകൾ 26401, 26402 എന്നിവ ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും, 26403, 26404 എന്നിവ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും ഓടും. കഴിഞ്ഞ വർഷം ജൂൺ 6 മുതൽ കത്ര-ശ്രീനഗർ സേവനം നിലവിലുണ്ടായിരുന്നു. പുതിയ സേവനം ഇരു നഗരങ്ങളുടെയും യാത്രയെ സുഗമമാക്കുകയും കശ്മീരിലെ വിനോദസഞ്ചാരത്തെയും വ്യാപാരത്തെയും ഉണർത്തുകയും ചെയ്യും.
Photo and News Source: Sathyam Online










