സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ്, ‘വിശപ്പ് സഹിക്കാനാകാതെ കേരളത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു’ എന്നത്. അതി ദാരിദ്ര്യമുക്ത കേരളം എന്ന പരിഹാസത്തോടെയാണ് ഈ വാർത്ത പങ്കുവയ്ക്കുന്നത്. എന്നാൽ, ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണ്. സമാനമായൊരു വാർത്ത 2016-ലും പ്രചരിച്ചിരുന്നു. അതേ ചിത്രവും വിവരങ്ങളും 2016-ൽ ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ‘22 ഏപ്രിൽ 2016’ എന്നാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്.
2021-ൽ ഈ വാർത്തയുടെ യാഥാർത്ഥ്യം അന്വേഷിക്കാൻ കണ്ണൂർ റൂറൽ എസ്.പി. നവനീത് ശർമയുമായി ബന്ധപ്പെട്ടിരുന്നു. കുട്ടി ആത്മഹത്യ ചെയ്തത് വിശപ്പുകൊണ്ടല്ല, മറിച്ച് വീട്ടിലെ പ്രശ്നങ്ങളും മനോവിഷമവും മൂലമാണ്. ശ്രുതിയുടെ അച്ഛനും അമ്മയും ജോലിയാവശ്യത്തിനായി മറ്റൊരു സ്ഥലത്തായിരുന്നു താമസം. ശ്രുതിയെ അവളുടെ അമ്മൂമ്മയോടൊപ്പം താമസിപ്പിച്ചിരുന്നു. അത് ശ്രുതിക്ക് സ്വീകാര്യമായിരുന്നില്ല. കൂടാതെ, അമ്മൂമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ശ്രുതിയുടെ ആഹാരാവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല.
Photo and News Source: Mathrubhumi










