തിരുവനന്തപുരം: സംസ്ഥാനത്തെ കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഈ അലർട്ട് പ്രഖ്യാപിച്ചത്.
മെയ് 2 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇടിമിന്നലോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉയർന്നുവരും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയുമാണ് ഈ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും ഭീഷണിയാണ്. കാർമേഘം കാണുമ്പോൾ മുൻകരുതൽ സ്വീകരിക്കുക. തുറസ്സായ സ്ഥലത്തോ ടെറസിലോ നിൽക്കുന്നത് ഒഴിവാക്കുക. ശക്തമായ കാറ്റും മിന്നലും ഉണ്ടായാൽ വാതിലുകളും ജനലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഗൃഹോപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക. ഇടിമിന്നലുള്ളപ്പോൾ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മരച്ചുവട്ടിലും വാഹനങ്ങളും പാർക്ക് ചെയ്യുന്നതും അപകടകരമാണ്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ യാത്രകൾ ഒഴിവാക്കി സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുക.
Photo and News Source: Janam TV










