ന്യൂഡൽഹി: പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ലെന്നും വിശ്വാസത്തിന്റെ വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധ്യമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഒമ്പതംഗ ബെഞ്ച് നിരീക്ഷണം നടത്തി. മതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ കണക്കാക്കാതെ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ തുല്യത പരിശോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു.

2018-ൽ ഉണ്ടായ യുവതീപ്രവേശ വിധിയെത്തുടർന്ന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും വാദം ബുധനാഴ്ച കേട്ട കോടതി, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. എന്നാൽ, ആചാരങ്ങൾ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവയാണെങ്കിൽ അതിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം കാണിക്കാൻ ക്ഷേത്രത്തിനാവണമെന്ന് ഇന്ദിരാ ജെയ്‌സിങ് വാദിച്ചു.

ശബരിമല വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ നിലനിൽക്കുന്നുണ്ടെന്നും സർക്കാർ സഹകരിക്കാത്തതിനാൽ ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കുമല്ലാതെ മറ്റാർക്കും കയറാനായില്ലെന്നും ജെയ്‌സിങ് പറഞ്ഞു. ഭരണഘടനയുടെ 15-ാം വകുപ്പ് ലംഘിക്കുന്ന ഒരാചാരവും കോടതി അംഗീകരിക്കരുതെന്നും അവർ വാദിച്ചു. പട്ടികജാതിക്കാരിയായതുകൊണ്ടല്ല, പ്രായപരിധിയിലുള്ള സ്ത്രീയായതുകൊണ്ടാണ് തടയുന്നതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

Photo and News Source: Mathrubhumi