ഷാജി കൈലാസിന്റെ സംവിധാനത്തിൽ ജോജു ജോർജ്ജിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വരവി'.

അര്ജുന് അശോകന്‍ അവതരിപ്പിക്കുന്ന 'വില്യംസ്' എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. 'പുറമെ ശാന്തന്‍, ഉള്ളില് പ്രക്ഷുബ്ധന്‍' എന്ന് അടിക്കുറിപ്പോടെ പങ്കുവച്ച പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് നേടിയത്.

ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങളുടെ ശേഷം ഷാജി കൈലാസും തിരക്കഥാകൃത്ത് എ.കെ. സാജനും വീണ്ടും ഒന്നിക്കുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്ജ് 'പോളി' എന്ന പേരുള്ള സമ്പന്നനായ പ്ലാന്ററായി അഭിനയിക്കുന്നു.

തന്റെ പഴയ ശത്രുക്കളെ നേരിടാനും തീര്‍പ്പാക്കാത്ത കണക്കുകള്‍ അവസാനിപ്പിക്കാനുമായി നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചന്റെ കഥയാണ് ചിത്രം പറയുന്നത്. വാണി വിശ്വനാഥ്, മുരളി ഗോപി, സാനിയ ഇയ്യപ്പൻ, സുകന്യ, ബാബുരാജ്, വിന്‍സി അലോഷ്യസ് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മേയ് ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും, മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന 'പേട്രിയറ്റ്' അതേ ദിവസം റിലീസ് ചെയ്യുന്നതിനാൽ 'വരവി'ന്റെ റിലീസ് തിയതി മാറ്റം വരുമോ എന്ന ചോദ്യം ഉയരുന്നു.

Photo and News Source: Sathyam Online