കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രങ്ങളിലെ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്നാണ് ബിജെപി ആരോപിച്ചത്. പരാതികളെ മറികടന്ന് ബംഗാളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. ബുധനാഴ്ച അഞ്ചു മണിവരെ 89.99 ശതമാനം പോളിങ്ങാണ് കണക്കാക്കിയത്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ സ്വാധീനമേഖലകളിലാണ് ക്രമക്കേടുകൾ നടന്നതെന്ന് ബിജെപി പറയുന്നു. വോട്ടിങ് മെഷീനുകളിലെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാക്കളുടെ പരാതിയെത്തുടർന്ന് ഫൽത്തയിലെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് താത്കാലികമായി നിർത്തി.
പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൃത്രിമം തെളിയിച്ചാൽ റീപോളിങ് നടത്തുമെന്ന് അറിയിച്ചു. ഫൽത്തയിലെ ഹരിദംഗ ഹൈസ്‌കൂളിലെ ബൂത്തിൽ ഇത്തരമൊരു ക്രമക്കേട് നടന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വീഡിയോ സഹിതം സമർപ്പിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിയുടെ സ്വാധീനമേഖലയാണ് ഡയമണ്ട് ഹാർബർ. ബിജെപി സ്ഥാനാർഥിയുടെ ചിഹ്നം മറച്ചതിനെതിരെ ബിജെപി ശക്തമായി പ്രതികരിച്ചു.
Photo and News Source: Mathrubhumi










