കണ്ണൂർ ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 4-ന് ജില്ലയിലെ 11 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കും. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും, അഴീക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചാല ചിൻടെക്കിലും, തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും ആയിരിക്കും.
രാവിലെ അഞ്ച് മണിക്ക് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാൻഡമൈസേഷൻ നടക്കും. തുടർന്ന് രാവിലെ ആറ് മണിക്ക് സ്ട്രോങ്ങ് റൂമുകൾ തുറക്കുകയും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിക്കുകയും ചെയ്യും. എട്ട് മണിക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. ജില്ലയിലെ എല്ലാ പോൾ ചെയ്ത മുഴുവൻ ഇവിഎം/പോസ്റ്റൽ ബാലറ്റുകളും വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. ഇടിപിബി വോട്ടുകളും മെയ് 4-ന് രാവിലെ എട്ട് മണിക്ക് മുമ്പായി വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിക്കാൻ തപാൽ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Photo and News Source: Kerala Online News










