ന്യൂഡൽഹി: പാകിസ്ഥാനിലും ബംഗ്ലാദേശിലും മതന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് ആശങ്ക പ്രകടിപ്പിച്ചു. നിർബന്ധിത മതപരിവർത്തനവും പീഡനവും അവസാനിപ്പിക്കാൻ യുഎന്നിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിഎച്ച്പിയുടെ അന്താരാഷ്ട്ര പ്രസിഡന്റ് ആലോക് കുമാർ യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് അന്നലീന ബെയർബോക്കിന് കത്തെഴുതി.

യുഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഭൂരിഭാഗം ഇരകളും ഹിന്ദു, ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നാണ്. സിന്ധ് പ്രവിശ്യയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിയമനിർവ്വഹണ ഏജൻസികളുടെ പ്രതികരണം ദുർബലമാണ്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ തുടരുകയാണ്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ യുഎൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആലോക് കുമാർ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് യുഎൻ സെക്രട്ടറി ജനറലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും അയച്ചിട്ടുണ്ട്.

Photo and News Source: Janmabhumi