ന്യൂഡൽഹിയിൽ ഇന്ന് നടന്ന ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രവേശൻ വാഹി വിജയിച്ചു. പ്രിസൈഡിംഗ് ഓഫീസർ രാജ ഇക്ബാൽ സിംഗ് ഈ ഫലം പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടി പിന്മാറിയതോടെ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. പ്രവേശൻ വാഹി പാകിസ്താനിലെ റാവൽപിണ്ടിയിൽ നിന്നുള്ള കുടിയേറ്റ കുടുംബത്തിൽ പെട്ട ഖത്രി പഞ്ചാബി സമുദായാംഗമാണ്. ഓൾഡ് ദൽഹിയിലെ ഒരു എംസിഡി സ്കൂളിൽ പഠിച്ച അദ്ദേഹം കൗമാരത്തിൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടു.

1990-ൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ഏരിയ പ്രതിനിധിയായി പ്രവർത്തിച്ച അദ്ദേഹം 1998-ൽ ജില്ലാ പ്രസിഡന്റായി. 2002-ൽ ബിജെപി യുവമോർച്ചയിൽ ചേർന്ന പ്രവേശൻ വാഹി തുടർന്ന് 2007-ൽ രോഹിണിയിൽ നിന്നും 2012-ൽ നഹർപൂരിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ദൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ സഭാ നേതാവായ അദ്ദേഹം, തന്റെ പാർട്ടിയുടെയും സംഘടനയുടെയും തത്ത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സത്യസന്ധതയോടെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ചു.

Photo and News Source: Janmabhumi