കേന്ദ്ര സർക്കാർ പെട്രോളിൽ 100 ശതമാനം എഥനോൾ കലർത്തിയ ഇന്ധനങ്ങൾ അവതരിപ്പിക്കാൻ തയ്യാറായി. 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂളുകളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന ഇറക്കുമതി ചെലവ് ലാഭിക്കാനുമാണ് ഈ നടപടി.

E100 ഇന്ധനത്തിൽ 93-93.5 ശതമാനം എഥനോളും, 5 ശതമാനം പെട്രോളും, 1.5 ശതമാനം കോ-സോള്വന്റും അടങ്ങിയിരിക്കുന്നു. E85-ൽ 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും ഉൾപ്പെടുന്നു. നിലവിൽ E20 മാത്രമാണ് ഇന്ത്യയിൽ ലഭ്യമായത്. പെട്രോൾ വാഹനങ്ങളുടെ ഇന്ധന ക്ലാസിഫിക്കേഷൻ E10/ E20 എന്നാക്കുമെന്നും ഹൈഡ്രജൻ വാഹനങ്ങളുടെ ടെർമിനോളജി 'Hydrogen+CNG' എന്നാക്കുമെന്നുമാണ് നിർദ്ദേശം.

ബയോഡീസൽ ബ്ലെൻഡിംഗ് പരിധി B10-ൽ നിന്ന് B100-ലേക്ക് ഉയർത്താനും കേന്ദ്രം നിർദ്ദേശിച്ചു. വിമാന ഇന്ധനമായ ATF-ലും എഥനോൾ കലർത്താനും അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ 87 ശതമാനം അസംസ്‌കൃത എണ്ണ ആവശ്യം ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത്. ഇതിന്റെ ചിലവ് പ്രതിവർഷം 22 ലക്ഷം കോടി രൂപയാണ്.

Photo and News Source: Dhanam