ലഖ്‌നൗ: ഉത്തരപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേയായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 594 കിലോമീറ്റർ നീളമുള്ള ഈ പദ്ധതി 36,230 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിരിക്കുന്നു. മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് 12 ജില്ലകളിലൂടെ കടന്നുപോകുന്നു. ആറ് വരിപ്പാതയുള്ള ഈ എക്സ്പ്രസ് വേ ഭാവിയിൽ എട്ടുവരിപ്പാതയായി വികസിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്.

യാത്രാസമയം ഗണ്യമായി കുറയുന്നതോടെ സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. വ്യവസായ മേഖലയിലും മുന്നേറ്റം ഉണ്ടാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. റോഡിനോട് ചേർന്ന് 12 സംയോജിത മാനുഫാക്ചറിംഗ് ആൻഡ് ലോജിസ്റ്റിക്സ് ക്ലസ്റ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമുണ്ട്. ഇതിലൂടെ ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 6,507 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. റോഡ് നിർമ്മാണം വളരെ വേഗത്തിൽ പൂർത്തിയാക്കിയത് ശ്രദ്ധേയമാണ്.

Photo and News Source: Samakalika Malayalam