പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളിൽ 18.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലിയിലും പൂര്‍ബ ബര്‍ധമാനിലും 20 ശതമാനവും ഭവാനിപൂരിൽ 17.08 ശതമാനവും വോട്ടിംഗ് നടന്നു.

വോട്ടെടുപ്പിനിടെ സംഘര്‍ഷങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. നാദിയയില്‍ ബിജെപി ബൂത്ത് ഏജന്റിനെ മര്‍ദിച്ച സംഭവത്തില്‍ ടിഎംസി ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. വോട്ടെടുപ്പ് ബൂത്തില്‍ മമത ബാനര്‍ജിയും സുവേന്ദു അധികാരിയും ഒരേസമയം സന്ദര്‍ശിച്ചു. ഭവാനിപൂരിലെ 70-ാം വാര്‍ഡിലായിരുന്നു ഇരുവരുടെയും സന്ദര്‍ശനം.

പ്രവര്‍ത്തകന്റെ വീട്ടില്‍ മമത എത്തിയപ്പോള്‍ പുറത്ത് സുവേന്ദു അണികളോടൊപ്പം നിന്നു. മമതയുടെ ബൂത്ത് സന്ദര്‍ശനം ചട്ടലംഘനമാണെന്ന് സുവേന്ദു പ്രതികരിച്ചു. മമത ഗുണ്ടകള്‍ക്കൊപ്പം ഹിന്ദു വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും സുവേന്ദു ആവശ്യപ്പെട്ടു.

സൗത്ത് 24 പര്‍ഗാനസില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബികാഷ് സര്‍ദാറിന്റെ കാറിന്റെ ചില്ല് ആക്രമിക്കപ്പെട്ടു. വൈകിട്ട് 6 മണിവരെ വോട്ടെടുപ്പ് തുടരും. രണ്ടാംഘട്ടത്തില്‍ 142 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 3.22 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം ഉപയോഗിക്കും.

Photo and News Source: Siraj Live