തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാലാവസ്ഥയിലെ വ്യതിയാനമാണ് കാരണം. നിലവിൽ ലോഡ് ഷെഡ്ഡിങ് ഇല്ലെന്നും വൈദ്യുതി ഉപഭോഗം കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണെന്നും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കേരളത്തിലാണുള്ളത്. ഇത് ഉപഭോഗം വർധിപ്പിക്കുന്നതിന് ഇടയാക്കുന്നു. സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ട്. ചിലപ്പോൾ അധികവൈദ്യുതി ലഭിക്കാനും സാധ്യതയുണ്ട്. ലോഡ് ഷെഡ്ഡിങ് നടത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ പ്രശ്നമുണ്ടാകില്ല.

വീടുകളിൽ പാചകവാതകക്ഷാമം ഉണ്ടായതോടെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. മുന്നൊരുക്കം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന്, അത് റെഗുലേറ്ററി കമ്മിഷനോട് ചോദിക്കണമെന്നാണ് മന്ത്രിയുടെ മറുപടി. വൈദ്യുതി ബോർഡ് കരുതിയിരുന്നതുപോലെ വൈദ്യുതി ലഭിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വിഷയത്തിൽ തന്നോട് ഇടപെടാൻ ആവശ്യപ്പെടാത്തതായും അദ്ദേഹം പറഞ്ഞു.

Photo and News Source: Mathrubhumi