തിരുവനന്തപുരം: കേരളത്തിൽ ലോഡ് ഷെഡിങ്ങ് നടപ്പിലാക്കിയിട്ടില്ലെന്നും, അമിത വൈദ്യുതി ഉപഭോഗം കാരണം ലൈനുകൾ 'ട്രിപ്പ്' ആകുന്നതാണ് വൈദ്യുതി തടസ്സപ്പെടാൻ പ്രധാന കാരണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. റെഗുലേറ്ററി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, അഞ്ചോ പത്തോ മിനിറ്റ് നീണ്ടുനിൽക്കുന്ന ട്രിപ്പിംഗിനെ ലോഡ് ഷെഡിങ്ങായി കണക്കാക്കാനാവില്ലെന്നും പറഞ്ഞു.
കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം. കാറ്റും മഴയും വന്നാല്‍ സ്വാഭാവികമായും വൈദ്യുതി ബന്ധം തടസ്സപ്പെടാം. ഇന്നലെ രാത്രി പെയ്ത മഴ ആശ്വാസകരമായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ കൂടുതൽ വൈദ്യുതി ലഭ്യമാകും. നിലവിൽ 280 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിച്ചിട്ടുണ്ട്. കൂടുതൽ വൈദ്യുതി ലഭ്യമായാൽ പ്രതിസന്ധി പൂർണ്ണമായി പരിഹാരമാകും.
വൈദ്യുതി വാങ്ങുന്നതിലെ കാലതാമസത്തിന് റെഗുലേറ്ററി കമ്മീഷനെ കുറ്റപ്പെടുത്തിയ മന്ത്രി, പാചകവാതക ക്ഷാമം മൂലം ജനങ്ങൾ ഇൻഡക്ഷൻ കുക്കറുകളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും തിരിഞ്ഞതും ഉപഭോഗം വർധിക്കാൻ കാരണമായെന്ന് പറഞ്ഞു. ജനങ്ങൾ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹകരിക്കണമെന്നും, നാല് എസി ഉപയോഗിക്കുന്നവർ ഒന്ന് കുറയ്ക്കുക, തിരക്കുള്ള സമയങ്ങളിൽ ഇൻഡക്ഷൻ കുക്കർ, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ഇതുവഴി ട്രിപ്പിംഗ് ഒഴിവാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Photo and News Source: Sathyam Online








