ടെഹ്‌റാനിൽ ഇറാന്റെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുമായുള്ള യുദ്ധം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ, രാജ്യത്തിന്റെ പരമോന്നത നേതാവിന്റെ സർവ്വാധിപത്യം കുറയുകയും, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം പരമോന്നത നേതാവായിരുന്നു എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സൈനിക കമാൻഡർമാരിലേക്കാണ് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത്.

മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിയുടെ മരണശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയി സൈനിക ജനറൽമാരുടെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. ഇത് ഇറാന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് കാരണമാകുന്നു. അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ കർക്കശമായി മാറിയിരിക്കുന്നു. സമാധാന ചർച്ചകൾ മന്ദഗതിയിലാകുന്നതിന്റെ കാരണമാണിതെന്ന് പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഏകീകൃത നേതൃത്വത്തിന്റെ അഭാവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Photo and News Source: Samakalika Malayalam