ന്യൂഡൽഹിയിൽ വച്ച് പരീക്ഷണ ഓട്ടം ആരംഭിച്ച മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ പുതുക്കിയ പതിപ്പ് 2026 ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാമോഫ്ലാഷ് ചെയ്ത വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായി മനസ്സിലാക്കാം.
ഫ്രോങ്ക്സിന്റെ പുതുക്കിയ പതിപ്പിൽ മുൻഭാഗത്തെ ഗ്രില്ല്, ബമ്പർ, ഹെഡ് ലാമ്പുകൾ എന്നിവയിൽ മാറ്റം വരുമെന്നാണ്. പിൻഭാഗത്തെ ടെയിൽ ലാമ്പ് സിഗ്നേച്ചറിലും ബമ്പറിലും പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. അകത്തളത്തിൽ വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പ്രതീക്ഷിക്കുന്നു.
സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് മാരുതി ഒരുങ്ങുന്നത്. ലെവൽ 2 എഡിഎഎസ് (ADAS) ഫീച്ചറുകൾ പരീക്ഷണ വാഹനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലിഡാർ (LIDAR) യൂണിറ്റും സെൻസറുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സിസ്റ്റം സുരക്ഷ വർദ്ധിപ്പിക്കും.
വാഹനത്തിന്റെ ഏറ്റവും വലിയ ആകർഷണം പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യയായിരിക്കും. മാരുതി സ്വന്തമായി വികസിപ്പിച്ച ‘സീരീസ് ഹൈബ്രിഡ്’ സാങ്കേതികവിദ്യ ഫ്രോങ്ക്സിലൂടെ അരങ്ങേറും. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഒരു ജനറേറ്ററായി പ്രവർത്തിക്കുകയും ഇലക്ട്രിക് മോട്ടോർ ചക്രങ്ങളെ തിരിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇത് ലിറ്ററിന് 35 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Photo and News Source: Siraj Live










