കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രൻ അന്തരിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു. ആയിരക്കണക്കിന് രോഗികൾക്ക് ശാന്തിയും സാന്ത്വനവും നൽകിയ അദ്ദേഹം, ഭാരതത്തിലെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു.
ഡോക്ടർ എന്നതിലുപരി, രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന സുഹൃത്തും മാർഗദർശിയുമായിരുന്നു അദ്ദേഹം. 2023-ൽ 'ലൈഫ് ടൈം അച്ചീവ്മെന്റ്' അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
ഉദര സംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സയിലുമൊക്കെ രോഗികളെ കാണുന്നതിനായി സമയം മാറ്റിവച്ചിരുന്ന അദ്ദേഹം, മരണം വരെ രോഗികളോടുള്ള പ്രതിബദ്ധത നിലനിർത്തി.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ നടക്കും. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന പൊതുദർശനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Photo and News Source: Janam TV








