മുംബൈ: തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന സലിം ഡോലയെ ഡൽഹിയിൽ പ്രത്യേക വിമാനത്തിലൂടെ എത്തിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര ലഹരി മാഫിയയുടെ നേതാവുമായ ഡോലയെ ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യാൻ യുഎഇയുമായി സഹകരിച്ചാണ് നടപ്പാക്കിയത്. ഇന്ത്യയ്ക്കും തുർക്കിക്കും നേരിട്ട് കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇല്ലാത്തതിനാലാണ് ഈ നടപടി.

2024-ലെ മഹാരാഷ്ട്ര സാംഗ്ലി മയക്കുമരുന്ന് വേട്ടയിൽ ഡോല പ്രധാന പ്രതിയായിരുന്നു. 120 കിലോയിലധികം എംഡിഎംഎയും 253 കോടി രൂപ വിലമതിക്കുന്ന ലബോറട്ടറി ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഡോലയെ ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെ ടെക്കനിക്കൽ ഏരിയയിൽ വച്ച് കസ്റ്റഡിയിലെടുത്തു.

പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം, ഡോലയെ കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി മുംബൈ പോലീസിന് കൈമാറും. ആഗോള ലഹരി മാഫിയക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അറസ്റ്റ്. എൻഡിപിഎസ് ആക്ട് പ്രകാരം ഡോലയ്‌ക്കെതിരെ ഒരു ഡസനിലധികം കേസുകൾ ഉണ്ട്. ആദ്യകാലത്ത് ദാവൂദ് സംഘത്തോടൊപ്പം പ്രവർത്തിച്ച ഡോല, പിന്നീട് ദുബായിലേക്ക് പ്രവർത്തനം മാറ്റി.

Photo and News Source: Janam TV