കേൾവി ശക്തിയില്ലാതിരുന്ന ആഞ്ചലോയ്ക്ക് ഇന്നാണ് ആദ്യ ശബ്ദം കേൾക്കാൻ കഴിഞ്ഞത്. ഇടുക്കി സ്വദേശികളായ ജെയ്‌സൺ– ആൻഷ ദമ്പതികളുടെ മകനാണ് ആഞ്ചലോ. ജന്മനാ കേൾവി ഇല്ലാതിരുന്ന കുരുന്നിന് ‘കാതോട് കാതോരം’ പദ്ധതിയിലൂടെ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തി കേൾവി ശക്തി ലഭിച്ചു.

പിന്നീടുള്ള സ്വിച്ചോൺ ചടങ്ങിലാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ശബ്ദം ആഞ്ചലോയെ തേടി എത്തിയത്. ‘മോനേ ആഞ്ചലോ, ഇത് ഞാനാ മമ്മൂട്ടി. മോൻ സിനിമയിലൊക്കെ കണ്ടു കാണും’ എന്ന് മമ്മൂട്ടി പറഞ്ഞു. മകനെ നന്നായി പഠിക്കാനും, അച്ഛനെയും അമ്മയെയും സ്നേഹിക്കാനും മമ്മൂട്ടി ഉപദേശിച്ചു.

ആദ്യ ശബ്ദം കേട്ട അമ്പരപ്പിൽ നിന്നും പിന്നെ ആഞ്ചലോയുടെ മുഖത്ത് സന്തോഷം പടർന്നു. കേൾവിയുടെ സുഖം അനുഭവിച്ച ആ കുരുന്നിന്റെ മുഖത്ത് മനോഹരമായൊരു ചിരി വിരിഞ്ഞു. മലയാളത്തിലെ പ്രിയ നടന്റെ ശബ്ദം ആദ്യം കേട്ട ആഞ്ചലോയുടെ ജീവിതത്തിലെ സുപ്രധാന നിമിഷമായിരുന്നു ഇത്.

Photo and News Source: Kairali News