കോഴിക്കോട്: അവധി ആഘോഷിക്കാനുള്ള യാത്രയ്ക്കിടെ കണ്ണൂരിലെ തറവാട്ടിൽ ഒത്തുചേരാനായി പാലായിൽ നിന്നും യാത്ര തിരിച്ച സുനിൽ (40) അപകടത്തിൽ മരണമടഞ്ഞു. കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻസീറ്റിലിരുന്ന സുനിലിനു പിറകിൽ നിന്ന ടാങ്കർലോറി ഇടിച്ചപ്പോൾ ബസ്സിനുള്ളിലേക്ക് തെറിച്ചുവീണു. ശനിയാഴ്ച ഒരുമണിയോടെ ഗോവിന്ദപുരത്തെ മിംസ് ആശുപത്രിക്കു സമീപമായിരുന്നു അപകടം. തലയ്ക്ക് ഗുരുതരപരിക്കേറ്റ സുനിലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
തിരൂരിലെ പരേതരായ ചാക്കോ-അന്നമ്മ ദമ്പതിമാരുടെ മകനായ സുനിൽ, ഭാര്യ റിയാ സുനിൽ, സഹോദരി സിസ്റ്റർ സോളി, ഭാര്യയുടെ സഹോദരൻ റിന്റോ, സഹോദരൻ അനിലിന്റെ മകൻ ആഷിൽ എന്നിവരായിരുന്നു ബസ്സിലുണ്ടായിരുന്നത്. റിന്റോയ്ക്ക് അപകടത്തിൽ വലതുകൈയ്ക്ക് നിസ്സാരപരിക്കേറ്റു. അപകടത്തെത്തുടർന്ന് യാത്രക്കാരെ മറ്റൊരു ബസ്സിൽ കണ്ണൂരിലേക്ക് മാറ്റി. യാത്രയുടെ തുടക്കത്തിൽ സുനിലും റിന്റോയും ആഷിലും ഒരേ സീറ്റിലായിരുന്നു. എന്നാൽ, വഴിയിൽ രണ്ടു യാത്രക്കാർ കയറിയതോടെ സുനിൽ മറ്റൊരു സീറ്റിലേക്ക് മാറി. അപകടം നടന്നപ്പോൾ അദ്ദേഹം പുതിയ സീറ്റിലായിരുന്നു.
Photo and News Source: Mathrubhumi









