തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പവർകട്ട് ഏർപ്പെടുത്താൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) തീരുമാനിച്ചു. ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിൽ വൈകിട്ട് 6 മുതൽ 11 വരെ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തും. ലോഡ് ഷെഡിങ് അല്ല, നിയന്ത്രണമാണ് എന്നാണ് കെഎസ്ഇബി വാദം. ചൂട് കൂടിയതിന് ശേഷം അറിയിപ്പില്ലാതെ നടന്ന നിയന്ത്രണത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വൈദ്യുതി മുടക്കം പാടില്ലെന്ന് തീരുമാനിച്ചതിന് രണ്ട് ദിവസത്തിനുള്ളിൽ പവർകട്ട് പ്രഖ്യാപിച്ചു. എസ്എംഎസ് വഴി നിയന്ത്രണ വിവരം അറിയിക്കും. ഓരോ സബ്ഡിവിഷനിലും പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. ലോഡ് താങ്ങാനാകാതെ വരുന്നതോടെ വിതരണ സംവിധാനം തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരണം. പവർകട്ടില്ലാത്ത 10 വർഷം എന്ന മുദ്രാവാക്യം പിണറായി സർക്കാരിന്റെ പ്രചാരണമായിരുന്നു. ഇപ്പോൾ പവർകട്ട് ഏർപ്പെടുത്തിയതോടെ ആ വാദം പൊളിയുന്നു.

മേയ് 15 വരെ ടേം എഹെഡ് മാർക്കറ്റിൽ നിന്നും യൂണിറ്റിന് 10 രൂപ വരെ നഷ്ടം സംഭവിക്കുമെന്നാണ് കെഎസ്ഇബി കണക്ക്.

Photo and News Source: Janmabhumi