ഡബ്ലിനിൽ 8,04,000 യൂറോ സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ നൈജീരിയൻ സ്വദേശി ഒലാറ്റുണ്ടെ സലാവെ (47) തൊഴിലില്ലാത്തവർക്കുള്ള വേതനം കൈപ്പറ്റാൻ ആഴ്ചതോറും ഡബ്ലിനിലെത്തിയിരുന്നു. സെപ്റ്റംബർ മുതൽ മാർച്ച് വരെ ഓരോ ആഴ്ചയും ജോബ് സീക്കേഴ്‌സ് അലവൻസ് പേയ്‌മെന്റുകൾക്കായി പ്രതി അയർലണ്ടിലേക്ക് യാത്ര ചെയ്തുവെന്ന് കോടതിയിൽ വെളിപ്പെട്ടു. എന്നാൽ ഇയാൾക്ക് ഈ പേയ്‌മെന്റുകൾക്ക് യാതൊരു അർഹതയും ഉണ്ടായിരുന്നില്ല.
ലണ്ടനിൽ താമസിച്ചിരുന്ന സലാവെയെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി വ്യാഴാഴ്ച രാവിലെ ഗാർഡ് നാഷണൽ ഇക്കണോമിക് ബ്യൂറോ അറസ്റ്റ് ചെയ്തു. ഡബ്ലിൻ ജില്ലാ കോടതിയിൽ ജഡ്ജി മിഷേൽ ഫിനാന്റെ മുമ്പാകെ ഹാജരാക്കിയ ഇയാളെ ജാമ്യം നിഷേധിച്ചു. നിയമസഹായം അനുവദിച്ച ജഡ്ജി വെള്ളിയാഴ്ച ക്ലോവർഹിൽ ജില്ലാ കോടതിയിൽ ഹാജരാകണമെന്ന ഉത്തരവോടെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.
പ്രതി കൈവശം വച്ചിരുന്ന 100-ൽ അധികം വ്യാജ ക്രെഡിറ്റ് കാർഡുകളും 3,300 യൂറോയും വ്യാജ ഉപകരണവും പിടിച്ചെടുത്തു. എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച രേഖകളാണ് ക്രെഡിറ്റ് കാർഡുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചത്. 2025 നവംബർ മുതൽ 2026 മാർച്ച് വരെ എട്ട് തീയതികളിൽ 254 തവണ മോഷണക്കുറ്റങ്ങൾ നടത്തിയെന്ന് കേസ് രേഖകളിൽ പറയുന്നു. 145 ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാൻ പ്രതി എ.ഐ. രേഖകൾ ഉപയോഗിക്കുകയും, ഇതിലൂടെ ബാങ്കുകളിൽ നിന്ന് മൊത്തം 8,04,000 യൂറോ തട്ടിയെടുക്കുകയും ചെയ്തതായി കണ്ടെത്തി. അയർലണ്ടിൽ സ്ഥിരമായ വിലാസമില്ലാത്ത സലാവെയ്ക്ക് ഐറിഷ് പാസ്പോർട്ട് ഉണ്ടായിരുന്നു. അയർലണ്ടുമായി കാര്യമായ ബന്ധമില്ലാത്ത ഇയാളുടെ പ്രവർത്തനങ്ങൾ വലിയ തട്ടിപ്പ് കേസായി മാറിയിരിക്കുന്നു.
Photo and News Source: Sathyam Online










